10:06am 29 November 2026
NEWS
വെള്ളിത്തിരയിൽ വിരിഞ്ഞ സ്വപ്നങ്ങൾക്ക് അംഗീകാരത്തിന്റെ തിളക്കം; ദോഹ ഫിലിം ഫെസ്റ്റിവലിന് പ്രൗഢഗംഭീര സമാപനം
28/11/2026  03:22 PM IST
nila
വെള്ളിത്തിരയിൽ വിരിഞ്ഞ സ്വപ്നങ്ങൾക്ക് അംഗീകാരത്തിന്റെ തിളക്കം; ദോഹ ഫിലിം ഫെസ്റ്റിവലിന് പ്രൗഢഗംഭീര സമാപനം

 


​ദോഹ:അതിരുകളില്ലാത്തകഥപറച്ചിലിന്റെ വിസ്മയലോകം തീർത്ത 'ദോഹ ഫിലിം ഫെസ്റ്റിവൽ 2026'-ന് വെള്ളിത്തിരയിലെ പ്രതിഭകളെ ആദരിച്ചുകൊണ്ട് പ്രൗഢഗംഭീര സമാപനം. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (DFI) സംഘടിപ്പിച്ച ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ നാല് പ്രധാന മത്സര വിഭാഗങ്ങളിലെയും വിജയികളെ പ്രഖ്യാപിച്ചു.
​ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സൺ ശൈഖ അൽ മയസ്സ ബിൻത് ഹമദ് ആൽ താനി,പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഇ, ഖത്തർ ലീഡർഷിപ്പ് സെന്റർ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശൈഖ് ഡോ. അബ്ദുള്ള ബിൻ അലി ആൽ താനി, മീഡിയ സിറ്റി ഖത്തർ സിഇഒ ഹമദ് ഒമർ അൽ മന്നാഇ, വിസിറ്റ് ഖത്തർ സിഇഒ എൻജിനീയർ അബ്ദുൽ അസീസ് അലി അൽ മൗലവി, ഓൾഡ് ദോഹ പോർട്ട് സിഇഒ എൻജിനീയർ മുഹമ്മദ് അബ്ദുള്ള അൽ മുല്ല എന്നിവരും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
​സിനിമ കേവലം ജീവിതത്തിന്റെ പ്രതിഫലനം മാത്രമല്ല, മറിച്ച് ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്താനും, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ ആഴത്തിലാക്കാനും, കൂടുതൽ സഹാനുഭൂതിയുള്ള ഒരു ഭാവി കെട്ടിപ്പടുക്കാനുമുള്ള ശക്തമായ മാധ്യമമാണെന്ന് ഫെസ്റ്റിവൽ ഡയറക്ടറും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒയുമായ ഫാത്തിമ ഹസൻ അൽ റുമൈഹി പറഞ്ഞു. 3,00,000 യുഎസ് ഡോളറാണ് മേളയുടെ ആകെ സമ്മാനത്തുക.അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ സോ ജിംഗ് സംവിധാനം ചെയ്ത 'അൺനോൺ ഗേൾ' മികച്ച ഫീച്ചർ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അസ്മഹാൻ ബെക്കിറാത്ത് സംവിധാനം ചെയ്ത 'ടിയാഹ' മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരവും, മേളയിൽ ആദ്യമായി ഏർപ്പെടുത്തിയ അന്താരാഷ്ട്ര ഫിലിം ക്രിട്ടിക്സ് (FIPRESCI) പുരസ്കാരവും സ്വന്തമാക്കി. 'ഹൗസ് ഓഫ് ദി വിൻഡ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് അന്തരിച്ച ജോസെറ്റ് ക്വാനിയയ്ക്ക് മരണാനന്തര ബഹുമതിയായി മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം സമ്മാനിച്ചു.
​അന്താരാഷ്ട്ര ഹ്രസ്വചിത്ര വിഭാഗത്തിൽ മോ ഹരാവിയുടെ 'വിസ്പേഴ്സ് ഓഫ് എ ബേണിംഗ് സെന്റ്' മികച്ച ഹ്രസ്വചിത്രമായി. 'ഗസൽ-ഇ-സോർഖ്' എന്ന ചിത്രത്തിലൂടെ മറിയം തഫാക്കോരി മികച്ച സംവിധായികയായും, 'ഫോർ ദി റൈവൽസ്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഡാമിയൻ ലോപ്പസ് മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.
​ഖത്തരി ചലച്ചിത്ര പ്രതിഭകളുടെ മാറ്റുരച്ച 'മെയ്ഡ് ഇൻ ഖത്തർ' വിഭാഗത്തിൽ ഹമദ് അൽ ഫൈഹാനി സംവിധാനം ചെയ്ത 'ക്രൗളിംഗ് ടു മൈസെൽഫ്' മികച്ച ചിത്രമായി. 'ഡെപ്ത്സ് ഓഫ് സൈലൻസ്' ഒരുക്കിയ സെബാസ്റ്റ്യൻ ഡെലാസ്കാസസ് ആണ് മികച്ച സംവിധായകൻ. നാദിയ അൽ ഖാത്തറിന്റെ 'ലൈക്ക് എ മെറ്റിയർ' എന്ന ചിത്രത്തിലെ അഭിനയത്തിന് ആംന അൽ ദം മികച്ച അഭിനേത്രിക്കുള്ള അബ്ദുൽ അസീസ് ജാസിം പുരസ്കാരം നേടി.
​16-നും 25-നും ഇടയിൽ പ്രായമുള്ള യുവ ജൂറി അംഗങ്ങൾ വിധിയെഴുതിയ 'അജിയാൽ' വിഭാഗത്തിൽ കോഹെ കഡോവാക്കിയുടെ 'വി ആർ ഏലിയൻസ്' മികച്ച ഫീച്ചർ ചിത്രമായും, പ്രണവ് ഭാസിന്റെ 'വി വേർ ഹിയർ' മികച്ച ഹ്രസ്വചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ഖത്തരി ചലച്ചിത്രകാരനും ഡോക്ടറും അണ്ടർവാട്ടർ ഫോട്ടോഗ്രാഫറുമായ ഡോ. ജമാൽ റാഷിദ് അൽ ഖുൻജി സംവിധാനം ചെയ്ത 'ഗോഡാരി മിന്നോ' പ്രേക്ഷക പുരസ്കാരവും കരസ്ഥമാക്കി.സ്വതന്ത്ര സിനിമയുടെ ശക്തമായ ശബ്ദങ്ങൾക്കും, പറയാൻ ബാക്കിവെച്ച മനോഹരമായ മനുഷ്യകഥകൾക്കും ആഗോള വേദിയൊരുക്കിയാണ് ദോഹ ഫിലിം ഫെസ്റ്റിവൽ 2026-ന് തിരശ്ശീല വീണത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img